Friday, September 17, 2010

ഒരു സദ്ദാം ഹുസൈനെ കിട്ടിയിരുന്നെങ്കില്‍ .............

                   സദ്ദാം ഹുസൈന്‍ ചരിത്രമായിട്ട് വര്‍ഷങ്ങള്‍ പലതായി, പക്ഷേ ജനലക്ഷങ്ങളുടെ ഹൃദയങ്ങളില്‍ അദ്ദേഹം ഇന്നും ജീവിക്കുന്നുണ്ടത്രേ. ഇങ്ങ് നമ്മുടെ കൊച്ചു കേരളത്തിലും സദ്ദാം ഹുസൈന് വേണ്ടി തുടിച്ചിരുന്ന ഹൃദയങ്ങള്‍ ഉണ്ടായിരുന്നു പോലും.
                  1991 ല്‍ ആദ്യമായി നമ്മുടെ സംസ്ഥാനത്ത് ജില്ലാ പഞ്ചായത്തുകളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടന്നു. 1987 ല്‍ അധികാരത്തില്‍ വന്ന സര്‍ക്കാരിന്റെ ഒരു മാറ്റുരക്കല്‍ ആയി വ്യാഖ്യാനിക്കപ്പെടുമായിരുന്നു ആ തിരഞ്ഞെടുപ്പ്. അന്ന് ഭരണകക്ഷിയുടെ (കു)ബുദ്ധിരാക്ഷസന്മാര്‍ക്ക് വീണു കിട്ടിയ ഒരു വരമായിരുന്നു സദ്ദാം ഹുസൈന്‍. അന്ധമായ അമേരിക്കന്‍ വിരോധം ആളിക്കത്തിച്ച് കാണിക്കാന്‍ കിട്ടിയ സുവര്‍ണ്ണാവസരം! കൂടാതെ, ന്യൂനപക്ഷരക്ഷകരെന്ന് സ്വയം ഞെളിയാനും കിട്ടിയ സന്ദര്‍ഭം. അന്ന് അവര്‍ അതില്‍ വിജയിച്ചു. (ഒരു മുസ്ലീം രാജ്യമായ കുവൈറ്റിനെ ആക്രമിച്ചാണല്ലോ സദ്ദാം തന്റെ കുഴിമാടം സ്വയം തോണ്ടിയത് - മലയാളികള്‍ ഉള്‍പ്പെടെ എത്രപേരെയാണ് അത് വഴിയാധാരമാക്കിയത്!!)
                       പക്ഷേ ഇപ്പോള്‍ , ആകെ പരിതാപകരമായ അവസ്ഥയെത്തിയപ്പോള്‍ ---- ഒരു പിടിവള്ളിയ്ക്കു വേണ്ടി ദാഹിച്ചിരുന്ന തൊഴിലാളി രക്ഷകര്‍ക്ക് മുന്‍പില്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനു തൊട്ടു മുന്‍പ് ഒരു കച്ചിത്തുമ്പ് കിട്ടി. മുങ്ങിച്ചാവാന്‍ പോകുന്നവര്‍ അതിലും കയറി പിടിച്ചു, പക്ഷേ, പിടിച്ചത് വിഷക്കൊമ്പിലായിറ്റുന്നു. മദനി സംബന്ധം ആകെ നാറ്റിച്ചു. മുന്‍പൊക്കെ തങ്ങളുടെ ജാഥയുളിലും മറ്റും ‘ഇത്ര ബീഡിത്തിഴിലാളികള്‍ വന്നു, ഇത്ര ചെത്ത് തൊഴിലാളികള്‍ വന്നു, ഇത്ര കര്‍ഷത്തിഴിലാളുകള്‍ വന്നു..........’ എന്നൊക്കെ ഊറ്റം കൊണ്ടിരുന്ന നിരീശ്വര-വിപ്ലവക്കാര്‍ ഇന്ന് തങ്ങളുടെ ജാഥയ്ക്ക് ‘ഇത്ര മുസ്ലീങ്ങള്‍ വന്നു, ഇത്ര ആദിവാസികള്‍ വന്നു, ഇത്ര ക്രിസ്ത്യാനികള്‍ വന്നു.......’ എന്നൊക്കെ പറയാന്‍ തുടങ്ങി. സത്യമായിട്ടും ‘സ്വത്വബോധം’ പാര്‍ട്ടിയെ ബാധിച്ചിട്ടേയില്ല (കഷ്ടം!) . ഒരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നെങ്കില്‍ !!!!!!!!
                       ഇപ്പോള്‍ , തദ്ദേശസ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുപ്പ് നടക്കുന്നു. മാഫിയയും, കള്ളും, ലോട്ടറിയും, എല്ലാം കൂടി വിപ്ലവം നടത്തിയപ്പോള്‍ ഒരു കച്ചിത്തുരുമ്പിനായി ബുദ്ധിജീവികള്‍ നാലുപാടും ചൂട്ടുകത്തിച്ചു.
അവസാനം ‘സാധനം’ കിട്ടി - അങ്ങകലെ, പാകിസ്ഥാനില്‍ മഹാവെള്ളപ്പൊക്കം ഉണ്ടായി. ആയിരക്കണക്കിനു പേര്‍ മരിച്ചു. നമ്മുടെ മനസാക്ഷിയ്ക്ക് വെറുതെ ഇരിക്കാന്‍ പറ്റുമോ? ഉടനേ തീരുമാനിച്ചു, ജനങ്ങളുടെ നികുതിപ്പണം തന്നെ എടുത്ത് ഒരു വീശ് വീശാമെന്ന്. പാകിസ്ഥാനിലെ വെള്ളപ്പൊക്കദുരിതാശ്വാസത്തിനായി സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് 5 കോടി രൂപാ നല്‍കുന്നു. കാരണം ലോകത്ത് തങ്ങള്‍ മാത്രമാണല്ലോ ന്യൂനപക്ഷ സംരക്ഷകര്‍ !!!!! അതും ഭാരതസര്‍ക്കാരിന്റെ സഹായം നിഷ്കരുണം നിരാകരിച്ച ഒരു രാജ്യത്തിന്.
                 മുമ്പൊരിക്കല്‍ ഒരു സഖാവ് പറഞ്ഞു, തങ്ങളുടെ നേതാക്കള്‍ക്ക് ലോങ്ങ്സൈറ്റ് അസുഖം ഉണ്ടത്രേ, അടുത്തുള്ള വസ്തുക്കളെ കാണാനേ പറ്റില്ല, ദൂരെ, അങ്ങ് ദൂരെ, ചൈനയിലും ക്യൂബയിലും പോളണ്ടിലും ഒക്കെ ഉള്ളതെല്ലാം കാണാം, അവിടെ ആരെയെങ്കിലും ഉറുമ്പ് കടിച്ചാല്‍ പോലും ഇവര്‍ക്ക് നോവുമത്രേ, പക്ഷേ നമ്മുടെ നാട്ടിലെ പാവപ്പെട്ടവന്‍ അനുഭവിക്കുന്ന പ്രശ്നത്തിനെല്ലാം ഉത്തരവാദി ഒന്നു മാത്രം ‘കേന്ദ്രം’. ലോട്ടറിയായായും, വിദ്യാഭ്യാസം ആയാലും എല്ലാം കേന്ദ്രം മാത്രം. പക്ഷേ കേന്ദ്രം പണം മുടക്കുന്ന പദ്ധതികള്‍ എല്ലാം നമ്മുടെ സ്വന്തം - കഷ്ടം!
                      നമ്മുടെ സ്വന്തം ജമ്മുകാശ്മീരില്‍ ഏതാനും മാസം മുന്‍പ് മേഘസ്ഫോടനം എന്ന പ്രതിഭാസം കാരണം നൂറ് കണക്കിനാളുകള്‍ മരിച്ചു, പതിനായിരങ്ങള്‍ക്ക് കിടാപ്പാടം നഷ്ടപ്പെട്ടു, പക്ഷേ അതൊന്നും നമ്മുടെ സഖാക്കള്‍ അറിഞ്ഞില്ല, നമ്മുടെ സ്വന്തം കേരളത്തില്‍ സര്‍ക്കാരിന്റെ അനാസ്ഥകാരണം കുണ്ടും കുഴിയുമാക്കപ്പെട്ട റോഡെന്ന് പറായുന്ന സ്ഥലത്ത് വീണു മരിക്കുന്നവനെ ഇവര്‍ കാണുന്നില്ല. അങ്ങ് പാകിസ്ഥാനിലാളത്രേ ഏറ്റവും ദുരിതം അനുഭവിക്കുന്നവര്‍ . നമ്മുടെ കാശ്മീരിലും, ബംഗാളിലും ഗുജറാത്തിലും എല്ലാപേരും സുഭിക്ഷരാണ്, അല്ലെങ്കില്‍ നമ്മുടെ നേതാക്കളുടെ ‘ശ്രദ്ധയില്‍ പെട്ടില്ല’.
                     പാകിസ്ഥാനില്‍ ജീവിക്കുന്നവരും മനുഷ്യര്‍ തന്നെ, അവരെ സഹായിക്കേണ്ടതു തന്നെ. പക്ഷേ, നമ്മുടെ സ്വന്തം രാജ്യത്തെ ദുരിതം അനുഭവിക്കുന്നവരെ കാണാതെ, ഭാരതത്തില്‍ ഏറ്റവും കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും, ലോകത്ത് ഭീകരത ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പാകിസ്ഥാനെ തന്നെ സഹായിച്ചതില്‍ എന്താണ് ലക്ഷ്യം? അതും ഇപ്പോള്‍ തന്നെ കടം കൊണ്ട് വീര്‍പ്പ് മുട്ടിയിരിക്കുന്ന സംസ്ഥാനത്തിന്റെ ഖജനാവില്‍ നിന്ന് പണം എടുത്ത്. അത്ര സങ്കടം ആണെങ്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവനകള്‍ ക്ഷണിക്കാമായിരുന്നല്ലോ. താത്പര്യം ഉള്ളവര്‍ തരുന്ന സംഭാവന എടുത്ത് കൊടുക്കാമായിരുന്നല്ലോ. അല്ലെങ്കില്‍ ‘ബക്കറ്റ് പിരിവ്’ വീരന്മാരെ കൊണ്ട് ക്ഷണനേരം കൊണ്ട് കോടികള്‍ പിരിച്ചു കൊടുക്കാമായിരുന്നല്ലോ.
                         ദരിദ്രന്മാര്‍ നല്‍കുന്ന നികുതിപ്പണം എടുത്ത് ശത്രുരാജ്യത്തിനു നല്‍കി മിടുക്ക് കാണിക്കുന്നവരെ കാണുമ്പോള്‍ ഓര്‍മ്മ വരുന്നത് ആ പഴയ ചൊല്ല് തന്നെ, “ആരാന്റെയും പന്തിയില്‍ വാ, എന്റെ വിളമ്പ് കാണിച്ചു തരാം”. അപ്പോഴും പിന്നില്‍ മുഴങ്ങുന്ന വിപ്ലവഗീതം - ഒരു സദ്ദാം ഹുസൈന്‍ ഉണ്ടായിരുന്നെങ്കില്‍ !!!!!!!

Saturday, September 11, 2010

എലിയെ പേടിച്ച് ഇല്ലം ചുട്ടാലോ ?????



           പഴമക്കാര്‍ നമുക്ക് സമ്മാനിച്ച ഒരുപാട് പഴഞ്ചൊല്ലുകളുടെ കൂട്ടത്തിന്‍ വളരെ ജനകീയമായ ഒന്നാണല്ലോ ‘എലിയെ പേടിച്ച് ഇല്ലം ചുടുക’ എന്നത്. വര്‍ത്തമാനകാലത്ത് വളരെ പ്രസക്തമായ ഒന്നാണ് ഇത്. നമ്മുടെ രാജ്യത്തിന്റെ ശാപമാണ് ഇവിടുത്തെ രാഷ് ട്രീയക്കാരും മതപുരോഹിതരും ഒക്കെ. ഇക്കാര്യം ‘ഓഷോ’ വളരെ മുന്‍പ് തന്നെ പറഞ്ഞിട്ടുണ്ട്. നാടിന് ഇക്കൂട്ടരെക്കൊണ്ട് ഒരു പ്രയോജനവുമില്ല.
          മലപ്പുറത്തെ വിഷക്കള്ള് ദുരന്തം സംസ്ഥാന സര്‍ക്കാരിന്‍റെ തലതിരിഞ്ഞ അബ്കാരി നയം കൊണ്ട് സംഭവിച്ചതാണ്. കള്ള് ഷാപ്പുകളുടെ എണ്ണം മൂന്നിലൊന്ന് കുറച്ച കഴിഞ്ഞ സര്‍ക്കാരിന്റെ നടപടി റദ്ദാക്കിക്കൊണ്ടാണ്, ഉത്പാദനവുമായി ഒരുതരത്തിലും നീതീകരിക്കാനാകാത്തവിധം ഇവിടെ കള്ള് ഷാപ്പുകള്‍ അനുവദിച്ചത്. സമൂഹത്തില്‍ ലഹരിമരുന്നിന്‍റെയും മദ്യത്തിന്‍റെയും വ്യാപനം ഭീകരമാംവിധം വര്‍ധിച്ചപ്പോള്‍ പടിപടിയായെങ്കിലും കുറവുചെയ്യാന്‍  മുന്‍പ് സര്‍ക്കാര്‍ ചാരായനിരോധനം ഏര്‍പ്പെടുത്തി. അത് വലിയ പാതകമായിപ്പോയി എന്നാണ് ഇപ്പോഴും പലരും അവസരം കിട്ടുമ്പോഴെല്ലാം പറയുന്നത്. ചാരായഷാപ്പുകള്‍ പൂട്ടിയതിനെ തുടര്‍ന്ന് തൊഴില്‍രഹിതരായി തീര്‍ന്നവരെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ ലക്കും ലഗാനുമില്ലാതെ നാടുനീളെ കള്ളുഷാപ്പുകള്‍ അനുവദിച്ചതാണ് വിനയായത്. വിഷം വിറ്റ് സമൂഹത്തെ തകര്‍ക്കുന്ന ജോലി ചെയ്തവര്‍ക്ക് മാന്യവും മഹിമയുമുള്ള തൊഴില്‍ കണ്ടുപിടിച്ച് നല്‍കുന്നതിന് പകരം മദ്യവില്‍പന മാത്രമേ ഏല്‍പിക്കൂ എന്നത് എവിടുത്തെ നയം?
               ഇപ്പോള്‍ , ശരിയായ രീതിയില്‍ അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തിയാല്‍ അത്, രാഷ്ട്രീയ പ്രമുഖരെ കുടുക്കുമെന്ന് അറിയാവുന്നത് കൊണ്ടായിരിക്കും വിഡ്ഢിത്തങ്ങളും വിവാദങ്ങളും പരത്തി ജനശ്രദ്ധ തിരിച്ചുവിടാന്‍ ശ്രമിക്കുന്നത്. ദുരന്തത്തിന് കാരണമായ കള്ള് കൊണ്ട് വന്നത് പാലക്കാട് ചിറ്റൂര്‍ നിന്നാണെന്ന് കണ്ടുപിടിച്ചു, വളരെ നല്ലത്. പക്ഷേ, ഇപ്പോള്‍ ചെയ്ത വിഡ്ഢിത്തം കണ്ടോ. ചിറ്റൂര്‍ നിന്നുള്ള കള്ളിന് നിരോധനം. ഫലമോ, കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളുല്പാദിപ്പിക്കുന്ന ചിറ്റൂരിലെ സാധാരണ ചെത്ത് തൊഴിലാളികള്‍ പട്ടിണിയില്‍ . ഇതാണോ ശരിയായ പോംവഴി?
              ചിറ്റൂരില്‍ നിന്ന് വന്ന കള്ളാണ് വില്ലന്‍ എന്നത് ശരിയാണെങ്കില്‍ തന്നെ, അതിന് ചിറ്റൂര്‍ മുഴുവന്‍ ശിക്ഷിക്കപ്പെടണോ? ചിറ്റൂര്‍ നിന്നുള്ള കള്ള് പ്രത്യേകം പരിശോധിച്ച് വിതരണം ചെയ്താല്‍ പോരേ? കേരളത്തില്‍ ഉല്പാദിപ്പിക്കുന്നതിന്റെ എത്രയോ ഇരട്ടി കള്ള് വില്‍ക്കാന്‍ ഇവിടെ പെര്‍മിറ്റ് നല്‍കി, നാട് മുഴുവന്‍ റേഷന്‍ കടകളും മാവേലി സ്റ്റോറുകളും ഇല്ലെങ്കില്‍ പോലും മുക്കിനു മുക്കിനു കള്ള് ഷാപ്പ് ഉണ്ടെന്ന് ഉറപ്പ് വരുത്തിയതാണ് ഈ പാതകത്തിന് കാരണം. ഒരു സ്ഥലത്ത് കള്ളില്‍ വിഷം കലര്‍ന്നത് കൊണ്ട് ഇനി ആ വിതരണക്കാരന്റെ ദേശത്ത് നിന്നുള്ള കള്ള് മുഴുവന്‍ നിരോധിക്കണം എന്ന് പറയുന്നത് ശുദ്ധ വിവരക്കേടാണ്...എലിയെ പേടിച്ച് ഇല്ലം ചുടുന്നു !!!! ….
                 ഇത് തന്നെയാണ് ലോട്ടറിയുടെ കാര്യത്തിലും സംഭവിച്ചത്. അന്യ സംസ്ഥാന ലോട്ടറിയെ നിയമാരുസൃതമായി തടയാന്‍ കഴിവില്ലാത്തതിന്നാല്‍ നമ്മുടെ ലോട്ടറി തന്നെ നിര്‍ത്തലാക്കി. എന്നിട്ട് എല്ലാത്തിനും കേന്ദ്രത്തിനെ കുറ്റവും പറയുന്നു. മദനിയെ അറസ്റ്റ് ചെയ്യാന്‍ കര്‍ണ്ണാടക സര്‍ക്കാര്‍ ഔദ്യോഗികമായി കേരളത്തെ അറിയിച്ചില്ലെന്ന് വിലപിക്കുന്നവര്‍ എന്തുകൊണ്ട് അന്യസംസ്ഥാന ലോട്ടറികള്‍ക്കെതിരെ കേന്ദ്രത്തിന് ഔദ്യോഗികമായി പരാതി നല്‍കാന്‍ മുതിരാതെ, സംസ്ഥാന ലോട്ടറിതന്നെ നശിപ്പിച്ച് പാവപ്പെട്ട, വികലാംഗരുള്‍പ്പെടെയുള്ള ലോട്ടറിക്കച്ചവടക്കാരെ വഴിയാധാരമാക്കി? ഇതിന്റെ പഴി മുഴുവന്‍ കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ വച്ച് വൃത്തികെട്ട രാഷ് ട്രീയ ലാഭം നേടാനാണ് ബന്ധപ്പെട്ടവര്‍ ശ്രമിച്ചത്..... എലിയെ പേടിച്ച് ഇല്ലം ചുടുന്നു !!!!! …..
                കുറച്ച് നാള്‍ മുന്‍പ് നാദാപുരം മേഖലയില്‍ തുടരെ അക്രമസംഭവങ്ങള്‍ ഉണ്ടായി. ബൈക്കിലെത്തിയാണ് അക്രമി സംഘങ്ങള്‍ അഴിഞ്ഞാടിയത്. അന്ന് പൊലീസ് അധികാരികള്‍ വിചിത്രയായൊരു ഉത്തരവിറക്കി...നാദാപുരത്ത് ബൈക്കില്‍ ഒന്നിലധികം പേര്‍ സഞ്ചരിക്കരുത്.....കഴിവില്ലായ്മക്കും കെടുകാര്യസ്ഥതക്കും പരിഹാരം ….. സാധാരണക്കാരുടെ വാഹനം, രണ്ട് പേര്‍ക്ക് സഞ്ചരിക്കാനുള്ള വാഹനത്തില്‍ , കുറെ സാമൂഹ്യവിരുദ്ധന്മാരെ പേടിച്ച്, സുരക്ഷ ഉറപ്പക്കേണ്ട പൊലീസ് പറയുന്നു, ഒരാളില്‍ കൂടുതല്‍ സഞ്ചരിക്കരുതെന്ന് …. എലിയെ പേടിച്ച് ഇല്ലം ചുടുന്നു!!!!!....
                  മുന്‍പ്, വ്യാജ സി.ഡി വേട്ട അതിന്റെ മൂര്‍ദ്ധന്യത്തില്‍ നിന്നപ്പോള്‍ , ഏഷ്യാനെറ്റിലെ നമ്മള്‍ തമ്മില്‍ പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഒരു പ്രഗല്‍ഭന്‍ നിര്‍ദ്ദേശിച്ച മറുമരുന്ന് ….. വഴിവക്കിലെ ചെറിയ സി.ഡി വില്‍പ്പനക്കാരെയെല്ലാം പിടിച്ച് അകത്താക്കണം ….പിന്നെ...പിന്നെയാണ് അമിട്ട് …. സംസ്ഥാനത്ത് പ്ലെയിന്‍ സി.ഡി നിരോധിക്കണം....എലിയെ പേടിച്ച് ഇല്ലം ചുടുന്നു!!!!!!!......
              സുഹൃത്തുക്കളേ, എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക്???? എലിയെ പേടിച്ച് ഇല്ലം ചുടുന്നവന്മാരുടെ അടിമകളായോ നമ്മളൊക്കെ???
ഇക്കണക്കിനു പോയാല്‍ …...!!!!!
  • കറിക്കത്തികൊണ്ട് വൃദ്ധയെ കൊലപ്പെടുത്തിയത് കൊണ്ട് കേരളത്തില്‍ കറിക്കത്തി നിരോധിക്കും...!!!!!!.
  • കാരണവരുടെ മരണത്തിനു കാരണം മരുമകള്‍ ആയതിനാല്‍ ഇനിമുതല്‍ അച്ഛന്‍ ജീവിച്ചിരുന്നാല്‍ ആണ്മക്കളുടെ വിവാഹം നിരോധിക്കും..!!!!!.
  • മൊബൈല്‍ ഫോണിലൂടെ അസഭ്യം പറഞ്ഞതിനാല്‍ മൊബൈല്‍ ഫോണ്‍ നിരോധിക്കും...!!!!!!!.
  • ഒടുവില്‍ …... മലയാള ഭാഷയില്‍ തെറിവിളിച്ചതു കൊണ്ട് ഭാഷ തന്നെ നിരോധിച്ചേക്കാം..... എലിയെ പേടിച്ച് നമുക്ക് ഇല്ലങ്ങള്‍ ചുട്ടു തീര്‍ക്കാം......അതായിരിക്കട്ടേ പുതിയ വിപ്ലവം....കേരളാ മോഡല്‍ …..!!!!!!!.